പ്രിയരെ, വകതിരിവിലേയ്ക്ക് സ്വാഗതം..''നിലവിളികള്‍ നീറിനില്‍ക്കുന്നൊരീ പെരുവഴികളെ പേടി- ച്ചൊഴിഞ്ഞെത്ര നാള്‍ വകതിരിവുകള്‍, പൊരുളറിവുകള്‍ കണ്ടെടുക്കുന്നു ഞാന്‍ ?'' - പി ആര്‍ ഹരികുമാര്‍ (സുഹൃത്തിനോട്)

February 21, 2010

നങ്ങേലിയും കര'ഘോഷ'വും..

വിഖ്യാത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ ഗോഗും ആലപ്പുഴക്കാരി നങ്ങേലിയും തമ്മില്‍ എന്തു ബന്ധമാണുള്ളത്?
    ഒരാള്‍ തന്റെ ചെവി അരിഞ്ഞെടുത്ത് ഒരുസ്ത്രീയ്ക്ക് മുന്നില്‍ വെച്ചു... മറ്റേയാള്‍ തന്റെ മുലയരിഞ്ഞ് ഒരു പുരുഷനു മുന്നില്‍ വെച്ചു... അത്രമാത്രം..
സ്വന്തം കാമുകി റേച്ചലിനു സമ്മാനമായി സ്വന്തം ചെവിതന്നെ അറുത്ത് നല്‍കിയ വാന്‍ ഗോഗിന്റെ ചരിത്രം ഹൈസ്കൂള്‍ ക്ലാസുകളുടെ ആരംഭകാലത്തു തന്നെ മഹച്ചരിതമാലയില്‍ നിന്ന് അത്ഭുതാവേശത്തോടെയാണു വായിച്ചത്.. എന്റെ ചെവി പലപ്പോഴും ഞാന്‍ അതിനുശേഷം പിടിച്ചു നോക്കിയിട്ടുണ്ട്.. എന്തൊരു ധൈര്യം വാന്‍ ഗോഗിനു എന്നോര്‍ത്ത് വിട്ടുകളയലാണപ്പോഴൊക്കെ...
പിന്നെയാണറിഞ്ഞത് മാനസീകവും ശാരീരികവുമായ (ലൈംഗീകവും--തുടര്‍ച്ചയായ വേശ്യാസമ്പര്‍ക്കവും-സിഫിലിസും)രോഗങ്ങളാല്‍ വട്ട് പിടിച്ച് നില്‍ക്കണ സമയമായിരുന്നു അതെന്ന്..
അപ്പോള്‍ നങ്ങേലിയുമായി അദ്ദേഹത്തിന്റെ ചരിത്രത്തിനു യാതൊരു ബന്ധവുമില്ല...
കാരണം ഒന്ന് ഭ്രാന്തമായ സ്നേഹം.. മറ്റൊന്നു ഭരണകൂടത്തോടുള്ള ശക്തമായ പ്രതിഷേധവും പ്രതികാരവും..ഇല്ല ആരുമായിട്ടും താരതമൃം ചെയ്യാനാവാത്ത ചരിത്രമാണു നങ്ങേലിയ്ക്കുള്ളത്..
ഒരു മഹച്ചരിത മാലയിലും അത് രേഖപ്പെടുത്തിയില്ലെന്നതാണു വാസ്തവം!!.
റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ചെന്നറിയപ്പെട്ട നീറോ ചക്രവര്‍ത്തി മൂത്രമൊഴിക്കുന്നതിനു കരം(Urine tax) ചുമത്തിയിരുന്നു.ആളുകള്‍ മൂത്രമൊഴിച്ചത് ശേഖരിച്ച് തുകല്‍ ഊറക്കിടുന്നതിന്നും വസ്ത്രനിര്‍മ്മാണത്തിനും ആ മൂത്രമുപയോഗിക്കാന്‍ ഈ ഒന്നാം നൂറ്റാണ്ടുകാരന്‍ ആഞ്ജാപിച്ചിരുന്നു.(വിരോധാഭാസം... മലമൂത്രത്തിനു നമ്മില്‍പെട്ട ചിലര്‍ നികുതി കൊടുത്തു തുടങ്ങിയിരിക്കുന്നു ഈ അത്യന്താധുനിക യുഗത്തില്‍.. ചരിത്രം ആവര്‍ത്തിക്കുകയാണോ?)
പിന്നെ താടിയ്ക്കു കരം (Beard Tax) ചുമത്തിയിരുന്ന താടിക്കാരനായ ഹെന്‍റി എട്ടാമനും റഷ്യന്‍ നാടുവാഴി സാര്‍പീറ്റര്‍ ഒന്നാമനും (Csar Peter I )... വീടിന്റെ ജനലിന്നു നികുതിയടക്കാനും (Window Tax) അടുപ്പിനു നികുതിചുമത്താനും(Hearth Tax) ചരിത്രത്തില്‍ ഭരണാധികാരികളുണ്ടായിരുന്നു. ആത്മാവില്‍ വിശ്വസിക്കുന്നവര്‍ സോള്‍ ടാക്സടക്കാന്‍ (Soul Tax) ഉത്തരവിട്ടത്...ഇതെല്ലാം വിദേശങ്ങളിലായിരുന്നു.
നങ്ങേലി എന്ന് ആദ്യം കേള്‍ക്കുന്നത് ചട്ടമ്പിക്കല്ല്യാണിയിലെ 'നാലുകാലുള്ളൊരു...' എന്നുതുടങ്ങുന്ന പാട്ടില്‍ നിന്നാണു.. അതു ചട്ടമ്പിക്കല്യാണി ആയിരുന്നതിനല്‍ 'കല്യാണി' എന്നു പേരുള്ള ഒരു സഹാപാഠിയേയും ഓര്‍മ്മവരും നങ്ങേലിയായിട്ട്..
അന്നും അതിനുശേഷവും കല്യാണിയുടെ മുല ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതിന്റെ ഭാഗത്ത് ഒന്നും ഇല്ലെന്നതിനാല്‍.. ആണുങ്ങള്‍ വസ്ത്രം ധരിച്ചാലെന്ന പോലെ ആയിരുന്ന് അവളും ധരിച്ചിരുന്നത്.. അല്ലെങ്കില്‍ തന്നെ ഏഴാം ക്ലാസില്‍ പഠിക്കുന്ന കല്യാണിയ്ക്ക് മുല വരാറായിട്ടേ ഉണ്ടാകുമായിരുന്നുള്ളു.
നമുക്കും ഉണ്ടായിരുന്നു ഒരു നീറൊ ചക്രവര്‍ത്തി.അദ്ദേഹം നികുതി ചുമത്തിയിരുന്നത് നേരത്തെ പറഞ്ഞിട്ടുള്ള ജനലില‍ന്നും മൂത്രത്തിനുമായിരുന്നില്ലെന്ന് മാത്രം.
മുലക്കായിരുന്നു കരം,!! മുലക്കരം(Breast Tax).പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണിതെന്നോര്‍ക്കണം.!!
താടിയ്ക്ക് റഷ്യന്‍ ചക്രവര്‍ത്തിമാര്‍ ഓര്‍ത്തഡോക്സ് പുരോഹിതന്മാര്‍ക്കിളവു ചെയ്ത് കൊടുത്ത പോലെ തിരുവിതാംകൂറിലെ ഭരണാധികാരിയായ ഒരു തിരുനാള്‍ അരുളപ്പാടു ചെയ്തു. താഴ്ന്ന ജാതിയില്‍ പെട്ട ദളിത് ഈഴവസ്ത്രീകള്‍ മാറുമറക്കാന്‍ പാടില്ല... അഥവാ മറക്കണമെന്നുള്ളവര്‍ മുലയുടെ അളവും രൂപവുമനുസരിച്ച് നികുതി അടക്കാന്‍ ബാധ്യസ്ഥരുമാണു...
ആര്‍ക്കും എതിര്‍വായില്ലാത്ത തിരുവാ..മാറു മറച്ച് പുറത്തിറങ്ങുന്ന സ്ത്രീകളുടെ മേല്‍ ചാടി വീണു നികുതി പിരിക്കാന്‍ പ്രത്യേക ഉദ്യോഗസ്തന്മാര്‍.
ആണായിപ്പിറന്നവരൊക്കെ ഭയന്ന് നടന്ന കാലം...നങ്ങേലിയുടെ പ്രസക്തി ചരിത്രം രേഖപ്പെടുത്താതെ പോയതും ആ ഭയപ്പാടിന്റെ പ്രതിധ്വനിയാലാണു.. അല്ലെങ്കില്‍ ആരാണോ ചരിത്രം സൃഷ്ടിച്ച് അതിനൊപ്പം നടക്കേണ്ടത് എന്ന് തീരുമാനിച്ച് നടക്കുമ്പോള്‍ അതിനെതിരെ സംഭവിക്കുന്നതൊന്നും രേഖപ്പെടുകയുമില്ലല്ലൊ.
ചേര്‍ത്തലയില്‍ താമസിക്കുന്ന നങ്ങേലിയ്ക്ക് അപ്പോള്‍ പ്രായം മുപ്പത്തഞ്ച്.. മുലക്കരം പിരിക്കാന്‍ കുടിലിനു മുന്നില്‍ വന്ന ഉദ്യോഗസ്ഥന്‍. നിലവിളയ്ക്ക് കത്തിച്ച് വാഴയിലയില്‍ കൊണ്ടു വെയ്ക്കുന്ന പണം കാത്തു നിന്ന അയാള്‍ക്കുമുന്‍പില്‍ ചടങ്ങൊന്നും തെറ്റിക്കാതെ വാഴയിലയില്‍ ആ ഈഴവ യുവതി വെച്ചു നീട്ടിയത് സ്വന്തം മുലയായിരുന്നു..!! ഭയന്ന് വിറച്ച ഉദ്യോഗസ്ഥന്റെ മുന്നില്‍ ചോരവാര്‍ന്ന് പിടഞ്ഞു മരിച്ചു. തന്റെ പ്രിയപ്പെട്ടവളുടെ വേര്‍പാടില്‍ മനംനൊന്ത് നങ്ങേലിയുടെ ഭര്‍ത്താവു കണ്ടപ്പന്‍ ആ ചിതയില്‍ ചാടി ജീവനൊടുക്കി.
നാടുവാഴിക്കെതിരെ നിശ്ശബ്ദമായി പ്രതികരിച്ച ആ ധീരവനിത ചരിത്രത്തിലെ തിളങ്ങുന്ന ആദ്യ വിപ്ലവ വനിതാരത്നമായിരുന്നു.
തിരുവിതാംകൂര്‍ ദിവാന്‍ മണ്‍റോ സായിപ്പ് സമ്മര്‍ദ്ദം ചൊലുത്തി ആ കരിനിയമം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും  റാണിലക്ഷ്മീഭായി തമ്പുരാട്ടി അത് വകവെയ്ക്കാതെ മുന്നോട്ട് പോയി...ഹെന്‍റി എട്ടാമന്‍ എന്ന താടിക്കാരന്‍ രാജാവു താടിയ്ക്ക് കരമേര്‍പ്പെടുത്തിയത് പോലെ മുലക്കരം പിരിവ് മലയാളവര്‍ഷം 986 വരെ ഈ മുലയുള്ള മഹതി രാഞ്ജിയും മുന്നോട്ടു കൊണ്ടു പോയി...!!
ചരിത്രം മറന്ന നങ്ങേലിയെ ചരിത്രത്തോടൊപ്പം പില്‍ക്കാലകേരളവും മറന്നുവെങ്കിലും ചേര്‍ത്തലക്കാരിയായി ജനിച്ച മറ്റൊരു വിപ്ളവ നായിക കെ ആര്‍ ഗൗരി  അമ്മ അവരെ ഇടയ്ക്ക് ഓര്‍മ്മിക്കുകയുണ്ടായി.. പിന്നെ സീ രാധാകൃഷ്ണനും....
നമുക്ക് നന്ദി പറയാനുള്ളതും അവരോട് തന്നെ. ഒപ്പം മുല അരിഞ്ഞു രക്തം വീണു ചുവന്ന ആ 'മുലച്ചി പറമ്പ്'  വാങ്ങി ആ ധീരവനിതയ്ക്ക് സ്മാരകം തീര്‍ത്ത കേശവന്‍ വൈദ്യര്‍ക്കും.

3 comments:

Bachoo said...
This comment has been removed by the author.
Bachoo said...

ചരിത്രത്തിന്റെ മാറാല പിടിച്ച തട്ടിന്‍ പുറത്തു കയറി ഇങ്ങനെയൊരു ധീരവനിതയെ പോടീ തട്ടിയെടുത്തു തിളക്കത്തോടെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍!
ആരുടെയൊക്കെ ചോരയുടെ പ്രതിഫലമാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം!
ജനാധിപത്യം ഏകാധിപത്യതിലേക്ക് തിരിച്ചു വഴി നടക്കുമ്പോള്‍ ഇത്തരം ചരിത്രഗാഥകള്‍ പേര്‍ത്തും അയവിറക്കിക്കൊണ്ടേ ഇരിക്കണം...
വറ്റിക്കൊണ്ടിരിക്കുന്ന പ്രതികരണശേഷിയെ കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കാനെങ്കിലും.

Vinod Raj said...

Thanks 4 sharing.

Post a Comment

.

.